ന്യൂഡല്‍ഹി: പെരുമാറ്റചട്ടം സംബന്ധിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രംഗത്തെത്തിയതിന് പിന്നാലെയാണ് സുനില്‍ അറോറ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഒരു സമിതിയാകുമ്പോള്‍ ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എപ്പോഴും ഏകാഭിപ്രായം ഉണ്ടാകില്ല. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ തമ്മിലൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇത്തരം വിഷയങ്ങള്‍ പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല, അദ്ദേഹം വ്യക്തമാക്കി.
ചില കാര്യങ്ങളിലെങ്കിലും മിണ്ടാതിരിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമായി മുന്നോട്ട് പോകുമ്പോള്‍ നിശബ്ദത തന്നെയാണ് നല്ലത്. എങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും, സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു.