അസാധാരണമായ തീരുമാനമാണ് ഉണ്ടായത്, പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷ ; പി.ജെ ജോസഫ്

തൊടുപുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് പി.ജെ ജോസഫ്. അസാധാരണമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു.

റോഷി അഗസ്റ്റ്യന്‍ ഉള്‍പ്പെടെ നേതാക്കള്‍ മുമ്പ് ഇടുക്കിയില്‍ മത്സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയാല്‍ അവരുമായി ആലോചിച്ച് തീരുമാനമെടുക്കും. തീരുമാനം പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

തൊടുപുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിനു ശേഷമാണ് പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പിജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കെഎം മാണി. പ്രഖ്യാപിച്ചത്.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു.

നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിനെ സ്ഥാനാര്‍ത്ഥി്യാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശവും മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം.

Top