തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളിലും തിരിമറി നടന്നെന്ന ആരോപണത്തില്‍ ഇന്റലിജന്‍സ് വിഭാഗം നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്.
സംശയ നിഴലില്‍ നില്‍ക്കുന്ന പൊലീസ് അസോസിയേഷന്‍ നേതാക്കളെയും പോസ്റ്റല്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതിന് ചുമതലപ്പെടുത്തിയ അഡി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും നേരില്‍ കണ്ടാണ് വിവരശേഖരണം നടത്തുന്നത്.
ജില്ലാ തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍ രണ്ടു ദിവസത്തിനകം പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷന്‍ നേതാക്കള്‍ സ്വീകരിച്ചെന്ന വാര്‍ത്ത വിവാദമായ സാഹചര്യത്തിലായിരുന്നു അന്വേഷണത്തിന് ഇന്റലിജന്‍സിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്.