Election-Ramesh chennithala-Sudheeran

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ല. കൂട്ടായ നേതൃത്വമായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. നാല് തവണ മത്സരിച്ചവരെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നിട്ടില്ല. ബിഡിജെഎസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തില്ല. നിലവില്‍ യുഡിഎഫിനകത്തുള്ള കക്ഷികളുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നത്.

നാലു തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന ധാരണ ഉണ്ടായിട്ടില്ല. പി.പി.തങ്കച്ചന്‍ ഉദ്ദേശിച്ചത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജയസാധ്യതയും ജനസമ്മിതിയും ആകണം സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മാനദണ്ഡം എന്നും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് എഐസിസി വിലക്കേര്‍പ്പെടുത്തി. സ്വയം പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.

തന്റെ പേരില്‍ തൃശൂരില്‍ കണ്ട ചുവരെഴുത്ത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ല എന്നും വിഎം സുധീരന്‍ പറഞ്ഞു. വിഎം സുധീരന്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

Top