ഇന്ത്യന്‍ കര്‍ഷകര്‍ ശക്തമായി മുന്നോട്ട് ; പൊതുതെരഞ്ഞെടുപ്പ് അഗ്നി പരീക്ഷണമാകും

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപി മാത്രമല്ല എല്ലാ രാഷ്ട്രീയ കക്ഷികളും ഗൗരവകരമായി കാണേണ്ടതാണ്. വര്‍ഗ്ഗീയ ധ്രുവീകരണം, ഹിന്ദുത്വ തീവ്രവാദം തുടങ്ങിയ മാത്രമല്ല ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടി രാജ്യത്ത് വലിയ ചര്‍ച്ചാ വിഷയമാണ് എന്ന് ഇതിലും വ്യക്തതയോടെ എങ്ങനെയാണ് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുക? ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷം ഇന്ത്യയില്‍ നടന്ന കര്‍ഷക സമരങ്ങളുടെ തീവ്രത തിരിച്ചറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നത് വലിയ വീഴ്ചയാണ്.

രാജ്യത്തിന്റെ ഹിന്ദി ഹൃദയ ഭൂമി അന്ന ദാതാക്കളുടെ ഇടം കൂടിയാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമായിരുന്നു. രാമക്ഷേത്രം നിര്‍മ്മാണം, വിവിധ നേതാക്കളുടെ സ്മാരകങ്ങള്‍, അയോധ്യാ വിഷയത്തില്‍ ഹിന്ദുത്വ പ്രീണനം എന്നിവയെല്ലാം പ്രചരണത്തില്‍ വലിയ പ്രാധാന്യം നേടിയപ്പോള്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ പാടത്ത് വെള്ളമില്ലാതെ പൊടിമണ്ണില്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.

ഇത് വരെ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തില്‍ നഗരവീഥികളിലൂടെ സമാധാനപരമായി, കാല്‍നടയായി അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. .ഒന്നല്ല അനവധി തവണ. എന്നിട്ടും കര്‍ഷക ആത്മഹത്യകളും കടക്കെണികളും ന്യായവില ആവശ്യങ്ങളും സര്‍ക്കാര്‍ കേട്ടതേയില്ല. രാജസ്ഥാനില്‍ കര്‍ഷക നേതാക്കള്‍ വിജയം കൈവരിച്ചത് തുടക്കം മാത്രമാണ്.

ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന മാര്‍ച്ചും തങ്ങളുടെ ആവശ്യങ്ങള്‍ ആവര്‍ത്തിത്ത് വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു. 3 ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടും പ്രത്യേക പാര്‍ലമെന്റ് സെഷന്‍ എന്ന ആവശ്യത്തോട് ദീര്‍ഘകാലം ചെവി കൊടുക്കാതെ ഇരുന്നു.

ഈ വര്‍ഷം ആഗസ്റ്റിലാണ് ക്വിറ്റ് ഇന്ത്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ഷകരും തെഴിലാളികളും സംഘടിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും കടങ്ങള്‍ ഇല്ലാതാക്കുന്നതിനും നിയമ നിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ രാഷ്ട്രപതിയ്ക്ക് കത്തും നല്‍കി.

farmers 1

മുബൈയില്‍ 10,000 ദളിത് ആദിവാസി കര്‍ഷകരാണ് താങ്ങ് വില നിശ്ചയം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. 1991 മുതല്‍ 2011 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ചുരുങ്ങിയത് 15 മില്യണ്‍ കര്‍ഷകരാണുള്ളത്.

നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തു കളഞ്ഞു എന്ന് പറായാതെ വയ്യ.താങ്ങു വില നിശ്ചയിക്കുന്ന കാര്യത്തിലും വിള ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായി. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കാര്‍ഷിക രംഗത്തിന്റെ നട്ടെല്ലൊടിച്ചു.

ഇടതു പക്ഷ സംഘചനകളുടെ നേതൃത്വത്തില്‍ നടന്ന നിരന്തര സമരങ്ങള്‍ പലതും വിജയമായിരുന്നു എന്നത് അവരുടെ വളര്‍ച്ചയെ വലിയ തോതില്‍ സഹായിച്ചു.

സെപ്തംബര്‍ ഏഴിന് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ‘സികാര്‍ബന്ദ്’ വിജയമായിരുന്നു. സര്‍ക്കാര്‍ പല രീതിയിലും അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. യുപിയില്‍ യോഗി ആദിത്യനാഥിനെ മുട്ടു കുത്തിച്ച് ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചു. മാധ്യമങ്ങള്‍ വലിയ തോതില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയകളില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ആളിക്കത്തി. നിലനില്‍പ്പ് ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷത്തില്‍ ചില ആവശ്യങ്ങളെങ്കിലും അംഗീകരിച്ചത് കര്‍ഷകരുടെ ആത്മ വിശ്വാസവും ബിജെപി ഇതര പാര്‍ട്ടികളോടുള്ള വിശ്വാസ്യതയും വര്‍ദ്ധിപ്പിച്ചു.

farmers march

ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ എന്നിവിടങ്ങളിലും ഇടതു സംഘടനകള്‍ കര്‍ഷക സമരങ്ങളും പ്രതിഷേധങ്ങളും സജ്ജീവമാക്കിയിരിക്കുന്നത് വലിയ അളവില്‍ ബിജെപിയെ പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാജസ്ഥാനില്‍ നടത്തിയ ഇടത് മുന്നേറ്റം അതിന്റെ തെളിവാണ്.

മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. രാമക്ഷേത്രത്തോടുള്ള ആഭിമുഖ്യത്തിന്റെ പകുതി കാര്‍ഷിക പ്രതിസന്ധികളോടുള്ള ഇടപെടലില്‍ കാണിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കാം. . സമര വിജയങ്ങള്‍ ആത്മവിശ്വാസമാണ്. അത് സത്യസന്ധമാകുമ്പോള്‍ പ്രഹര ശേഷി പ്രവചനാതീതമാകും എന്ന് തിരിച്ചറിയണം.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top