തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിധി ഡിജിപിമാരായ ടിപി സെന്‍കുമാറിനും ജേക്കബ് തോമസിനും എഡിജിപി ശങ്കര്‍ റെഡ്ഡിക്കും നിര്‍ണ്ണായകമാവും.
ഭരണമാറ്റമുണ്ടായാലും ഇല്ലെങ്കിലും ഇവരില്‍ ഒരാള്‍ നിലവിലെ തസ്തികയില്‍ നിന്ന് തെറിക്കുമെന്നുറപ്പാണ്.
ഭരണത്തുടര്‍ച്ചയാണ് ഉണ്ടാകുന്നതെങ്കില്‍ ഡിജിപി ജേക്കബ് തോമസിന് വലിയ വില നല്‍കേണ്ടി വരും.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ജേക്കബ് തോമസ് നടത്തുന്ന പ്രതികരണങ്ങളില്‍ കടുത്ത അമര്‍ഷമുള്ള ഭരണപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ജേക്കബ് തോമസിനെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മുന്നോട്ട് പോവാനാണ് സാധ്യത.
ഇത്തരമൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനാണ് ജേക്കബ് തോമസിന്റെ പദ്ധതി.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
ഇദ്ദേഹത്തെ പിന്നീട് ഉദ്യോഗക്കയറ്റത്തിന്റെ പേരില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചെങ്കിലും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഫയര്‍സേഫ്റ്റി നിയമം കര്‍ക്കശമാക്കിയതോടെ അവിടെ നിന്നും തെറിപ്പിച്ചു. പിന്നീട് ആര്‍ക്കും വേണ്ടാത്ത പൊലീസ് ഹൗസിങ് കേര്‍പ്പറേഷന്‍ എംഡിയാക്കി ഒതുക്കുകയായിരുന്നു.
ഈ തസ്തികയിലേക്ക് മാറിയിട്ടും സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ ‘ഐപിഎസ് ചട്ടക്കൂട്’ ജേക്കബ് തോമസിന് തടസ്സമായില്ല.
മനോരമയുടെ ന്യൂസ് മേക്കര്‍ പട്ടം പോലും അഴിമതിക്കെതിരായ നിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ തേടിയെത്തി.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ തന്ത്രപ്രധാനമായ ഏതെങ്കിലും തസ്തിക അദ്ദേഹത്തിന് നല്‍കുമെന്നാണ് അഴിമതി വിരുദ്ധ സമിതിക്കാര്‍ അടക്കമുള്ളവര്‍ കരുതുന്നത്.
ജേക്കബ് തോമസിന്റെ നിലപാടുകളെ പിന്‍തുണച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രംഗത്ത് വന്ന സാഹചര്യത്തില്‍ ഇതിനുള്ള സാഹചര്യം വളരെ കൂടുതലുമാണ്.
സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ സിപിഎം നേതൃത്വത്തിന് പ്രത്യേകിച്ച് വിഎസ് അച്യുതാനന്ദന് കടുത്ത എതിര്‍പ്പാണുള്ളത്.
ഭരണമാറ്റമുണ്ടായാല്‍ സെന്‍കുമാറും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയും തല്‍സ്ഥാനത്ത് നിന്ന് തെറിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സര്‍വ്വീസില്‍ താരതമ്യേന ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ കടുത്ത എതിര്‍പ്പാണ് സിപിഎമ്മിനുള്ളത്. കേഡര്‍ ഡിജിപി തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് അര്‍ഹതപ്പെട്ടവരെ തന്നെ നിയമിക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
ഭരണമാറ്റം അനിവാര്യമായാല്‍ ശങ്കര്‍ റെഡ്ഡിക്കും സ്ഥാനം നഷ്ടമാകും. ബാര്‍ കോഴ കേസടക്കം മന്ത്രിമാരെ പ്രതിക്കൂട്ടിലാക്കുന്ന അഴിമതി അന്വേഷണങ്ങളില്‍ വിജിലന്‍സ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ച ഘടകമാണ്.
സംസ്ഥാനത്തെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ടിപി സെന്‍കുമാറിന് ഇനി 2017 ജൂണ്‍ വരെയാണ് സര്‍വ്വീസ് ബാക്കിയുള്ളത്.
ജേക്കബ് തോമസിനാകട്ടെ 2020 വരെ സര്‍വ്വീസുണ്ട്.
ശങ്കര്‍ റെഡ്ഡി 2021 ലാണ് വിരമിക്കുക.
സര്‍വ്വീസ് കാലാവധി വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ഇരിക്കുന്ന തസ്തികയില്‍ നിന്നും മാറുന്നത് ഈ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഒട്ടും ആഗ്രഹിക്കുന്ന കാര്യമല്ല.
അതേസമയം ഭരണത്തുടര്‍ച്ച യുഡിഎഫിനുണ്ടാവുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി മാറിയാലും വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഡിയും ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെന്‍കുമാറും തുടരും.