election special news

ന്യൂഡല്‍ഹി: ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാടില്‍ ഹൈക്കമാന്റിന് അത്ഭുതം.

നിരവധി തവണ രാഹൂല്‍ഗാന്ധിയും എ കെ ആന്റണിയുമടക്കമുള്ളവര്‍ നേരിട്ട് ചര്‍ച്ച നടത്തുകയും തര്‍ക്കമൊഴിവാക്കാന്‍ സോണിയാഗാന്ധി ആവശ്യപ്പെടുകയും ചെയ്തിട്ടും നിലപാട് മാറ്റാതെ മുന്നോട്ട് പോകുന്ന ഇരു നേതാക്കളും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറാന്‍ വരെ തയ്യാറാണെന്ന് പ്രഖ്യാപിച്ചതാണ് ഹൈക്കമാന്റിനെ ഇപ്പോള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

തന്റെ അടുത്ത അനുയായികളായ മന്ത്രി കെ ബാബു, കെ സി ജോസഫ്,ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി കടുത്ത നിലപാട് തുടരുന്നത് ഇവരെ മാറ്റുകയാണെങ്കില്‍ തന്നെയും മാറ്റിക്കോ എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്വയം മാറാന്‍ തയ്യാറാണെന്ന നിലപാട് സ്വീകരിച്ചാണ് സുധീരന്‍ നേരിട്ടത്.

കെ ബാബു, ബെന്നി ബെഹന്നാന്‍ , കെ സി ജോസഫ് എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും മുഖ്യമന്ത്രി നിലകൊള്ളുന്നതെങ്കിലും അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കരുതെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അടൂര്‍ പ്രകാശിന് മാത്രമല്ല മറ്റ് മൂന്ന് പേരുടെ കാര്യത്തിലും കൊച്ചിയിലെ ഡൊമിനിക് പ്രസന്റേഷന്റെ കാര്യത്തിലും എതിരായ നിലപാടിലാണ് സുധീരന്‍.

വിഷയം വീണ്ടും പരിഗണനയ്ക്കുവരുന്ന സാഹചര്യത്തില്‍ 5 പേരില്‍ ചിലര്‍ വെട്ടിനിരത്തപ്പെടാനാണ് സാധ്യത. അല്ലാത്തപക്ഷം അഴിമതി വിരുദ്ധ നിലപാടെടുക്കാന്‍ പിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ രാഹൂല്‍ഗാന്ധിയുടെ പ്രതിഛായക്ക് തന്നെ അത് കോട്ടമാകും.

സുധീരനാവട്ടെ അന്തിമമായി പോരാട്ടം നടത്തിയ കാര്യം ഇതിനകം തന്നെ പൊതുസമൂഹത്തിനറിയാവുന്നതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ട കാര്യംപോലുമുണ്ടാവില്ല.താന്‍ ശ്രമിച്ചു ഇത്രയൊക്കയേ നടന്നിട്ടുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹത്തിന് തലയൂരാം.

എന്നാല്‍ പ്രശ്‌നം അതൊന്നുമല്ല വരാനിരിക്കുന്നത്. സുധീരന്‍ വെട്ടിനിരത്താന്‍ പറഞ്ഞ 5 പേരില്‍ ആരൊക്കെയാണ് സ്ഥാനാര്‍ത്ഥിയാവുക എന്ന് ഉറ്റുനോക്കുകയാണ് ഇടതുപക്ഷം.

കാരണം ആരോപിതര്‍ മത്സരിച്ചാല്‍ അവര്‍ക്കെതിരായ പ്രധാന ആയുധം സുധീരന്റെ നിലപാടുകള്‍ തന്നെ ആയിരിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷം ഈ തന്ത്രം പയറ്റിയാല്‍ വെട്ടിലാവുക യുഡിഎഫ് ആണ്. താന്‍ സ്ഥാനാര്‍ത്ഥിയാകരുത് എന്ന് ശഠിച്ചവര്‍ക്ക് സുധീരന്‍ വോട്ട് ചോദിച്ചുപോയാല്‍ അത് അദ്ദേഹത്തിന്റെ പ്രതിഛായക്കും മറിച്ചായാല്‍ ഈ സ്ഥാനാര്‍ത്ഥികളുടെ വിജയത്തെയും അത് സാരമായി ബാധിക്കും.

അഞ്ച് വിവാദ മണ്ഡലങ്ങളില്‍ സിറ്റിംങ്ങ് എംഎല്‍എമാര്‍ക്കെതിരെ വി എം സുധീരന്‍ സ്വീകരിച്ച നിലപാട് വോട്ടാക്കാന്‍ സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിപിഎം ഇതിനകം തന്നെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും ഇല്ലെങ്കിലും കെപിസിസി പ്രസിഡന്റിനെ വേണ്ടാത്തവര്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണോ എന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് അനുഭാവികളില്‍ ആശയകുഴപ്പമുണ്ടാക്കലാണ് തന്ത്രം.

അതേസമയം സീറ്റുവിഭജനത്തെത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ രംഗത്തുവന്നു,രാഹുല്‍ഗാന്ധി നിര്‍ബന്ധിച്ചിട്ടാണ് തന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. തനിക്ക് മത്സരിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top