election – vs – pinarayi- pb

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ പൊതു അഭിപ്രായം. ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗമാണ് ഇരു നേതാക്കളും മത്സരിക്കണമെന്ന തീരുമാനത്തില്‍ എത്തിയത്.

ഡല്‍ഹിക്ക് പുറത്തുള്ള നേതാക്കളെ ഫോണില്‍ വിളിച്ച് നേതൃത്വം അഭിപ്രായം തേടിയ ശേഷമാണ് യോഗം ചേര്‍ന്നത്. പിബിയുടെ തീരുമാനം വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിക്കും.

യച്ചൂരിക്ക് പുറമേ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് പിബി നിര്‍ദ്ദേശം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യാനും പിബി തീരുമാനിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടെന്നാണ് പിബിയിലെ ധാരണ.

വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു മുന്‍പ് പിബി തീരുമാനം വി.എസിനെ അറിയിക്കുമെന്നാണ് സൂചന. കേന്ദ്ര നേതാക്കള്‍ വി.എസുമായി കൂടിക്കാഴ്ച നടത്തിയേക്കും. വി.എസും പിണറായിയും മത്സരിക്കുന്ന വിഷയത്തില്‍ രണ്ടു ദവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചനകള്‍.

Top