ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരി 11നു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും ജനുവരി 29നു പൂര്‍ത്തിയാകുമെന്നും കമ്മിഷന്‍ അറിയിച്ചു.
ദേശീയ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണമെന്ന ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാത്തതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കമ്മിഷന്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. പക്ഷേ, തിയ്യതി വീണ്ടും നീട്ടിക്കൊണ്ടുപോയി. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും മറ്റുമായി 54 ദിവസം കൂടി വോട്ടെടുപ്പിന് ആവശ്യമാണെന്നായിരുന്നു കമ്മീഷന്റെ നിലപാട്.കാലാവധി പൂര്‍ത്തിയാക്കുന്നതിന് 3 ദിവസം മുന്‍പ് ഓഗസ്റ്റ് 9ന് പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.