എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും മത്സരിക്കും.

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചോദിച്ചില്ലെന്നും അതിനാല്‍ ആര്‍ക്കും ചെയ്യില്ലെന്നും പി സി ജോര്‍ജ്ജും വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസത്തില്‍ സഭയിലെ പൊതു സ്ഥിതി നോക്കി തീരുമാനമെടുക്കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും സി എഫ് തോമസും വോട്ട് ചെയ്യില്ല. ഇരുവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

Top