ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കുന്നതിന് സുപ്രീംകോടതി ഉത്തരവിട്ടതിന്റെ തിരിച്ചടിയൊന്നും എസ്ബിഐ ഓഹരികളെ ബാധിച്ചില്ല, ഓഹരികളിലിന്നും മികച്ച മുന്നേറ്റം രേഖപ്പെടുത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ബിഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന മാർക്കായ ₹763.90 എന്ന നിലയിൽ എത്തി. വിവാദ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും വിവരാവകാശത്തിൻറെയും ആർട്ടിക്കിൾ 19(1)(എ) യുടെയും ലംഘനമാണെന്നും ഇന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു . എസ്ബിഐ ആണ് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത്. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടം രേഖപ്പെടുത്തി ഈ മാസം ഇതുവരെ എസ്ബിഐയുടെ ഓഹരികൾ ഏകദേശം 17 ശതമാനമാണ് ഉയർന്നത്.. ഡിസംബറിന് ശേഷം, ഏകദേശം 33 ശതമാനം ആണ് ഓഹരികളിലെ നേട്ടം. കൂടാതെ, എസ്‌ബിഐ അടുത്തിടെ ₹6 ലക്ഷം കോടിയുടെ വിപണി മൂല്യം മറികടക്കുകയും ചെയ്തു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ കമ്പനിയായി എസ്ബിഐ മാറി
2018ൽ ഇലക്ടറൽ ബോണ്ട് സ്കീം ആരംഭിച്ചതിന് ശേഷം 29 ഘട്ടങ്ങളിലായി 15,956.3096 കോടി രൂപ വിലമതിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി കഴിഞ്ഞ വർഷം, എസ്ബിഐ വ്യക്തമാക്കിയിരുന്നു. 2019 നും 2022 നും ഇടയിൽ, നാസിക്ക് ആസ്ഥാനമായുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസ് 28,531.5 കോടി രൂപയുടെ 674,250 ഇലക്ടറൽ ബോണ്ടുകളെങ്കിലും അച്ചടിച്ചു. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച്, ഏതൊരു വ്യക്തിക്കും കമ്പനിക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന ചെയ്യാനോ സാമ്പത്തിക സഹായം നൽകാനോ കഴിയും.
നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക