ഇലക്ട്രല്‍ ബോണ്ട് വിധി; ‘സുതാര്യത കൊണ്ടുവരികയായിരുന്നു ലക്ഷ്യം’മെന്ന് ബിജെപി

ലക്ട്രല്‍ ബോണ്ടില്‍ വിവരങ്ങള്‍ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന പരാമര്‍ശത്തോടെ ബോണ്ട് അസാധുവാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി. തിരഞ്ഞെടുപ്പ് ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്നും എന്നാല്‍ സുപ്രീം കോടതിയുടെ വിധിയെ പാര്‍ട്ടി മാനിക്കുന്നുവെന്നും ബിജെപി നേതാവും മുന്‍ നിയമമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വിധി നൂറുകണക്കിന് പേജുകളുള്ളതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗികമായ മറുപടി നല്‍കുന്നതിന് മുമ്പ് സമഗ്രമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം നടപടികളുടെ ഭാഗമായാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചത്. അഴിമതിയിലും കൈക്കൂലിയിലും അധിഷ്ഠിതമായ ഡിഎന്‍എയുള്ള പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ജനങ്ങള്‍ ചില പാര്‍ട്ടികളെ കളത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അവരുടെ ശക്തികേന്ദ്രമായിരുന്ന പ്രദേശങ്ങളില്‍ ഒരു സീറ്റ് പോലും അവര്‍ക്ക് ഇപ്പോള്‍ നേടാനാവുന്നില്ല, കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിധിയില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ട്രല്‍ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാവില്ല. സംഭാവന നല്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനം കൂടുമെന്നും കോടതി വ്യക്തമാക്കി.

Top