ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്ന കമ്പനി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 55 കോടി രൂപ. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് തുക കൈമാറിയത്. 2019 ഏപ്രില്‍ 19 നും ഒക്ടോബര്‍ 10 നും ഇടയില്‍ ഒരു കോടിയുടെ 55 ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.
നവംബര്‍ 12 നായിരുന്നു ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്നുവീണത്. 400 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലായിരുന്നു തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുത്തത്.
ഇലക്ടറല്‍ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്നത് ഒരേ കമ്പനിയാണ്. തെലങ്കാന ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണിത്.
മേഘ എന്‍ജിനീയറിങും വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍, എസ്ഇപിസി പവര്‍ എന്നീ അനുബന്ധ കമ്പനികളും ചേര്‍ന്ന് ബിജെപിക്ക് നല്‍കിയത് 714 കോടിയാണ്. ഇതിന്റെ പകുതി തുകയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. 320 കോടിയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന സംഭാവന.