ഒറ്റ ചാർജിൽ 100 കിലോമീറ്റർ ഉറപ്പ് നൽകി കേരളത്തിന്റെ ‘ഇലക്ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) ‘നീം-ജി’ നിരത്തിലിറങ്ങുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിൻകരയിലെ പ്ലാന്റിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ജൂണിലായിരുന്നു കെ.എ.എല്ലിന് ഇ-ഓട്ടോ നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്. അതോടൊപ്പം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് അനുമതി ലഭിക്കുന്നതും. ജൂലായിലായിരുന്നു വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്.
2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത് 15 ഓളം ‘ഇലക്ട്രിക് ഓട്ടോ’കളാണ്. ഓട്ടോയുടെ നിര്‍മാണത്തിനാവശ്യമായ സാമഗ്രികകളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. കാഴ്ചയില്‍ സാധാരണ ഓട്ടോയ്ക്ക് സമാനമായി തന്നെയാണ് ‘നീം-ജി’യുടെയും രൂപകല്‍പ്പന നൽകിയിരിക്കുന്നത്. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാം.