ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ്

ലോണ്‍ മസ്‌കിന്റെ കീഴിലുള്ള അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് ഉല്‍പ്പാദനത്തില്‍ ഇടിവ്. 2023ന്റെ മൂന്നാം പാദത്തില്‍ കമ്പനി 430,488 വാഹനങ്ങള്‍ നിര്‍മ്മിക്കുകയും, 435,000 വാഹനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇത് മുന്‍ പാദത്തേക്കാള്‍ 10 ശതമാനം ഇടിവാണെന്ന് കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി നവീകരണങ്ങള്‍ക്കായി പ്ലാന്റുകള്‍ അടച്ചിട്ട സമയമാണ് ഉല്‍പ്പാദനത്തില്‍ തുടര്‍ച്ചയായ ഇടിവിന് കാരണമായതെന്നും കമ്പനി പറയുന്നു. തങ്ങളുടെ 2023 വോളിയം ടാര്‍ഗെറ്റ് ഏകദേശം 1.8 ദശലക്ഷം വാഹനങ്ങള്‍ എന്നത് മാറ്റമില്ലാതെ തുടരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

2023ന്റെ മൂന്നാം പാദത്തില്‍ കമ്പനി 435,059 വാഹനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പാദത്തെ അപേക്ഷിച്ച് 6.6 ശതമാനം കുറവാണിത്. എന്നാല്‍ 26.5 ശതമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ വര്‍ധന ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്ല അതിന്റെ 2023ന്റെ മൂന്നാം പാദത്തിലെ വരുമാനം ഒക്ടോബര്‍ 18 ന് റിപ്പോര്‍ട്ട് ചെയ്യും. രണ്ടാം പാദത്തില്‍, നവീകരണങ്ങള്‍ കാരണം ഉല്‍പ്പാദനവും വിതരണവും കുറയുമെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 1.32 ദശലക്ഷം വാഹനങ്ങളാണ് ടെസ്ല ഡെലിവറി ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ ബാറ്ററി സംഭരണത്തിനായി ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ ടെസ്‌ല കമ്പനി പദ്ധതിയിടുന്നതായും അതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇങ്ക് ഈ വര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കാന്‍ പദ്ധതിയിടുന്നു.

Top