പെട്രോൾ പമ്പുകളിൽ ഇനി മുതൽ വൈദ്യുത വാഹന ചാർജിങ് സൗകര്യവും

petrole pumb

ന്യൂഡൽഹി : പെട്രോൾ പമ്പുകളിൽ നിന്ന് ഇനി മുതൽ എണ്ണ മാത്രമല്ല കറന്‍റും അടിക്കാം. പെട്രോൾ പമ്പുകളിൽ ബാറ്ററി ചാർജിങ് കിയോസ്‍ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ 69,000 പെട്രോൾ പമ്പുകളിലാണ് ഈ സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇലക്ട്രിക്ക് വാഹന ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം അവലോകനം ചെയ്യാൻ കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ആദ്യഘട്ടത്തിൽ ഡൽഹി എൻസിആറിനു പുറമെ കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു, വഡോദര, ഭോപാൽ നഗരങ്ങളിലും ദേശീയ പാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലും വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താനാണ് ഊർജ മന്ത്രാലയത്തിന്റെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക്ക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.

പൊതുമേഖല എണ്ണ കമ്പനികളുടെ ഭരണ നിയന്ത്രണത്തിലുള്ള ‘കോകോ’ പെട്രോൾ പമ്പുകളിൽ ചാർജിങ് കിയോസ്ക് സ്ഥാപിക്കാൻ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനാണു പെട്രോളിയം മന്ത്രാലയത്തിനുള്ള നിർദ്ദേശം. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും വൈദ്യുത വാഹന ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാവുമെന്നതാണു നേട്ടം. പമ്പുകളിലെല്ലാം ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമായാൽ കൂടുതൽ പേർ വൈദ്യുത വാഹനം വാങ്ങാൻ സന്നദ്ധരാവുമെന്നാണ് കണക്കുകൂട്ടൽ.

Top