വോള്‍വോയുടെ എക്സി 40 റീചാർജ് ഔദ്യോഗികമായി ഇന്ത്യയില്‍ അനാവരണം ചെയ്‍തു. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലായ എക്‌സ്‌സി40 റീചാര്‍ജ് പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നും ഈ വര്‍ഷം ജൂണില്‍ വാഹനത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ എക്സി 40നെ കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ അവതരിപ്പിച്ചത്.ബെല്‍ജിയത്തിലെ ഗെന്റ് പ്ലാന്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം.റീച്ചാർജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍,പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ എക്സി 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും.
അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും വാഹനത്തിലുണ്ട്.കാറിന്റെ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. 2025 ഓടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 80 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നും നിശ്ചയിച്ചു.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാക്കണമെന്ന ലക്ഷ്യം കൂടി വോള്‍വോ പങ്കുവെയ്ക്കുന്നു. ഇതിനായി കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കും.