തിരുവനന്തപുരം: വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതി പ്രമേയം പാസാക്കി. ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്.
നാലുമാസത്തെ ബില്ല് ഒരുകണക്കുമില്ലാതെ കൂട്ടിയതായി ഉപഭോക്താക്കള്‍ പറയുന്നു. പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് തുക ഈടാക്കിയിട്ടുള്ളതെന്നും അധിക തുക അടച്ചവര്‍ക്ക് അടുത്ത ബില്ലില്‍ ഇത് കുറച്ച് നല്‍കുമെന്നും കെഎസ്ഇബി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ മൂലം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തൊട്ടുമുമ്പിലെ മൂന്നു ബില്ലുകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ആണ് ബില്ല് തുക നിശ്ചയിച്ചതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎസ്ഇബി അറിയിച്ചു. ചൂടുകാലമായതും ലോക്ക്ഡൗണ്‍ മൂലം ആളുകള്‍ വീട്ടില്‍ തന്നെ ഇരുന്നതും ഉപഭോഗം കൂടാന്‍ കാരണമായി.
76 ദിവസത്തിന് ശേഷമാണ് ബില്‍ നല്‍കിയതെങ്കിലും 60 ദിവസത്തെ നിരക്ക് മാത്രമാണ് ഈടാക്കിയത്. ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.