വൈദ്യുത കാറുകള്‍ വാടകയ്ക്കു നല്‍കുന്ന മൂന്നു കേന്ദ്രങ്ങള്‍ വൈദ്യുതി ബോര്‍ഡ് തുടങ്ങുന്നു.
മാത്രമല്ല, പൊതുജനങ്ങളുടെ വൈദ്യുത കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഈ മൂന്നു കേന്ദ്രങ്ങളിലും ഉണ്ടാകും. വൈദ്യുത കാറുകള്‍ക്കു പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണു പദ്ധതി.
നാലു വൈദ്യുത കാറുകള്‍ വാങ്ങാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു പട്ടം വൈദ്യുതി ഭവനിലായിരിക്കും കേന്ദ്രം. കൂടാതെ, ടെക്‌നോപാര്‍ക്കില്‍ കൂടി സൗകര്യം ഒരുക്കി ഒരു കാര്‍ അവിടെ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.
കൊച്ചി മറൈന്‍ഡ്രൈവ് വൈദ്യുതി ബോര്‍ഡ് സബ്‌സ്റ്റേഷനിലും കോഴിക്കോട്ട് ബീച്ച് റോഡ് വൈദ്യുതി ഭവനിലുമാവും മറ്റ് കേന്ദ്രങ്ങള്‍.
പദ്ധതിക്കു സംസ്ഥാന സര്‍ക്കാര്‍ നാലു കോടി രൂപ ചെലവഴിക്കും. ഇതിനായി വൈദ്യുതി ബോര്‍ഡ് താല്‍പര്യ പത്രം ക്ഷണിച്ചിട്ടുമുണ്ട്.
അതേസമയം, സെപ്റ്റംബര്‍ 30നു മുന്‍പ് വൈദ്യുത കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. മാത്രമല്ല, മൂന്നു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ണ തോതില്‍ നിലവില്‍ വരും.
താല്‍പര്യമുള്ള കമ്പനികള്‍ അടുത്ത മാസം 23നു ബോര്‍ഡിലെ വിദഗ്ധ സമിതി മുന്‍പാകെ വിശദാംശങ്ങള്‍ അവതരിപ്പിക്കും.
ഭാവിയില്‍ സംസ്ഥാനത്തെ പ്രധാന പൊതുനിരത്തുകളിലെല്ലാം വൈദ്യുത കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം കൊണ്ടു വരാനാണു വൈദ്യുത ബോര്‍ഡിന്റെ പരിപാടി.
ഇത്തരം കേന്ദ്രങ്ങളില്‍ ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി പകരം ചാര്‍ജ് ചെയ്ത ബാറ്ററി വാങ്ങി യാത്ര തുടരാം. ഇതിനു നിശ്ചിത നിരക്കു നല്‍കിയാല്‍ മതിയാകും. വാഹന നിര്‍മാതാക്കളും ബാറ്ററി നിര്‍മാതാക്കളും ചേര്‍ന്നായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.