തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷൻ പ്രേമൻ ദിൻരാജ് ഉച്ചയ്ക്ക് 3.30ന് വാർത്താസമ്മേളനത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാൻ സാധ്യതയുണ്ട്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
നിരക്ക് തീരുമാനിക്കാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണ്. ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ.
ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ബോർഡിന്റെ ആവശ്യത്തിൽ വലിയ ഭേദഗതികൾ ഇല്ലാതെ നിരക്ക് വർധനവ് ഉണ്ടായേക്കും. നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.