electricity rate up

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 30 പൈസ വര്‍ധിപ്പക്കണമെന്ന നിര്‍ദേശം റഗുലേറ്ററി കമ്മീഷന്‍ ചര്‍ച്ച ചെയ്യുന്നു. ഉത്തരവ് ഈ മാസം ഉണ്ടാകാനാണ് സാധ്യത.

സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം 7 കോടി യൂണിറ്റിലേക്കെത്തി. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഒരു കോടി യൂണിറ്റിന് പുറത്ത് വരുന്ന വൈദ്യുതി വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

വേനല്‍ക്കാലവും പരീക്ഷക്കാലവും വരുന്നതോടെ ഉപഭോഗം 8 കോടിയിലേക്കെത്തുമെന്നാണ് കണക്ക്കൂട്ടല്‍. അതായത് 7 കോടി യൂണിറ്റ് പുറത്ത് നിന്ന് കൊണ്ടുവരേണ്ടിവരും. ഇതിനാവശ്യമായ ഗ്രിഡ് ലഭ്യമല്ലാത്തതിനാല്‍ ഉയര്‍ന്ന വിലക്ക് കായകുളം ഉള്‍പ്പെടെ താപവൈദ്യുത നിലയങ്ങളും പ്രവര്‍ത്തിപ്പിക്കേണ്ടിവരും.

ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാനാണ് വൈദ്യുതി ചാര്‍ജ് വര്‍ധനയിലേക്ക് കെ എസ് ഇ ബിയും റഗുലേറ്ററി കമ്മീഷനും കടക്കുന്നത്. 796.5 കോടി രൂപയുടെ വരുമാനക്കുറവ് പരിഗണിച്ച് യൂണിറ്റിന് 30 പൈസ കൂട്ടാനുള്ള നിര്‍ദേശമാണ് കമ്മിഷന് മുന്നിലുള്ളത്.

അതേ സമയം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത സംബന്ധിച്ചും പാഴ്ചിലവിനെക്കുറിച്ചും നിരവധി പരാതികള്‍ റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ആഴ്ച നടത്തിയ ഹിയറിങില്‍ ഉയര്‍ന്നു വന്നു. സൌരോര്‍ജം ഉള്‍പ്പെടെ ബദല്‍ സാധ്യതകള്‍ തേടാത്തത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

Top