ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറിയുമായി ബന്ധപ്പെട്ട ‘ഇ വി എം ചലഞ്ച്’ ശനിയാഴ്ച നടക്കും. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇ വി എം ചലഞ്ച് ആണിത്.
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ ചലഞ്ച് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
ഏഴ് ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയുമാണ് ചലഞ്ചിനായി തിരഞ്ഞെടുപ്പ് കമീഷന്‍ ക്ഷണിച്ചിരിക്കുന്നത്. ചലഞ്ചിനായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതടക്കം 14 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യുപിയില്‍ ഉപയോഗിച്ച 10 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.
ശരത് പവാറിന്റെ എന്‍ സി പി, സി പി എം എന്നീ പാര്‍ട്ടികളാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. നേരത്തെ ആം ആദ്മി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇലക്ട്രാണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പെങ്കടുക്കുന്നത്.
സമാന്തരമായി വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച പരിശോധന നടത്തുമെന്ന് ആം ആദ്മി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന യന്ത്രങ്ങളിലാണ് തിരിമറി നടത്തി കാണിക്കേണ്ടത്. ഇതിനായി സാങ്കേതിക മേഖലയില്‍ അറിവുള്ള മൂന്നു പേരെ ഓരോ പാര്‍ട്ടിക്കും നിയോഗിക്കാം.