ഗുവാഹട്ടി: വിശപ്പിന് മുന്നില്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ നോട്ട് ഭക്ഷിച്ച് ആനകള്‍ 50 ന്റെയും 10 ന്റെയും ഒക്കെ പഴയ നോട്ടുകള്‍ ഉപേക്ഷിച്ച് ഭക്ഷണമാക്കിയതാകട്ടെ 2000 ന്റെയും 500 ന്റെയും നോട്ടുകള്‍ മാത്രം.
നൂറോ ആയിരമോ അല്ല 26,000 രൂപയുടെ നോട്ടുകളാണ് അങ്ങനെ ആനകള്‍ അകത്താക്കിയത്. അസമിലാണ് സംഭവം നടന്നത്. സോണിപ്പൂര്‍ ജില്ലയിലെ തരാജുളി തേയിലത്തോട്ടത്തില്‍ ഭക്ഷണം തേടിയെത്തിയ നാല് കാട്ടാനകളാണ് നോട്ട് കഴിച്ചത്.
തേയിലത്തോട്ടത്തിലെ കടയില്‍ അതിക്രമിച്ചു കയറിയ ആനക്കൂട്ടം പണപ്പെട്ടിക്കുള്ളിലുണ്ടായിരുന്ന 2000 ന്റെയും 500 ന്റെയും നോട്ടുകളെല്ലാം ഭക്ഷിക്കുകയായിരുന്നു. 40,000 ത്തോളം രൂപയാണ് പണപ്പെട്ടിയിലുണ്ടായിരുന്നത്. ചെറിയ തുകയുടെ നോട്ടുകളെല്ലാം ബാക്കിവെച്ചാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ തന്നെ ആനകള്‍ അകത്താക്കിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആനകളുടെ ആക്രമണമുണ്ടായത്. സമീപത്തെ രണ്ട് വീടുകള്‍ തകര്‍ത്തും കടയുടെ മതിലും തകര്‍ത്ത് ആനകള്‍ അകത്തുകടന്നത്. ഇത് മൂന്നാം തവണയാണ് കാട്ടാനകള്‍ തേയിലത്തോട്ടത്തിലെ കടയില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഇതാദ്യമായാണ് പണപ്പെട്ടി തകര്‍ത്ത് നോട്ട് തിന്നുന്നത്.
അസമില്‍ ആനകള്‍ ഗ്രാമങ്ങളിലെത്തുന്ന സംഭവം പതിവാണ്. ചിലപ്പോഴൊക്കെ വീടുകളില്‍ കയറി മദ്യം കുടിക്കുന്നതും വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ നോട്ട് ഭക്ഷിക്കുന്നത് ഇത് ആദ്യ സംഭവമാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ദവീന്ദര്‍ സുമന്‍ പറഞ്ഞു.