സത്യമംഗലം: വാഴത്തോട്ടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആന വൈദ്യുതി വേലിയില്‍ തട്ടി ചരിഞ്ഞു. തമിഴ്‌നാട്ടില്‍ സത്യമംഗലത്തിനടുത്തുള്ള വനത്തിനോടടുത്ത് സ്ഥലത്ത് രാജന്‍ എന്നയാള്‍ വാഴ കൃഷി ചെയ്ത സ്ഥലത്തേക്കാണ് ആന കടക്കാന്‍ ശ്രമിച്ചത്. തോട്ടത്തിനു ചുറ്റും വൈദ്യുത വേലിയാണ് സ്ഥാപിച്ചിരുന്നത്. ആനകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കരിമ്പ്, വാഴ തുടങ്ങിയ വിളകള്‍ വനത്തിനടുത്തുള്ള കൃഷിയിടങ്ങളില്‍ കൃഷി ചെയ്യരുതെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി വേലികളില്‍ ഉപയോഗിക്കരുതെന്നും കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. വനം വകുപ്പ് രാജനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആനകള്‍ ചരിയുന്നത് കൂടുകയാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.
വൈദ്യുതി വേലികള്‍ക്ക് പകരം കര്‍ഷകര്‍ മുള്‍ച്ചെടികളും മറ്റും വെച്ചുപിടിപ്പിച്ചുള്ള ജൈവ വേലികള്‍ സ്ഥാപിച്ചാണ് വന്യ ജീവികളെ തടയേണ്ടതെന്നും തേനീച്ചകളെ വളര്‍ത്തുന്നതു പോലുള്ള മാര്‍ഗങ്ങളും തേടാമെന്നും കമല്‍ഹാസന്‍ പറഞ്ഞു. സര്‍ക്കാരും കര്‍ഷകരും അടിയന്തരമായി ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.