തുറവൂര്‍ : ആലപ്പുഴ തുറവൂരില്‍ ചതുപ്പില്‍ വീണ ആനയെ രക്ഷിച്ചു കരയ്ക്കു കയറ്റിയതിന് പിന്നാലെ ആന വീണ്ടും ഇടഞ്ഞു.
പതിനാറ് മണിക്കൂറിലധികം ചെളിയില്‍ താഴ്ന്ന് കിടന്ന ആനയെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കരയ്‌ക്കെത്തിച്ചത്.
അവശനിലയില്‍ കരയ്ക്കു കയറിയ ആന കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും ഇടയുകയായിരുന്നു. ഇടഞ്ഞ ആന സമീപത്തെ ഒരു വീട് ആന തകര്‍ത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ലോറിയില്‍ കൊണ്ടു പോവുകയായിരുന്ന ആന ഇടഞ്ഞ് ഓടുകയായിരുന്നു. ഉത്സവത്തിന് ശേഷം തൃക്കാക്കരയില്‍ നിന്ന് ആലപ്പുഴ മുല്ലക്കലിലേക്ക് കൊണ്ട് പോകുമ്പോഴാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന ലോറിയുടെ ചട്ടക്കൂട് തകര്‍ത്ത് ഇടഞ്ഞോടിയത്.
ദേശീയ പാതയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം ഓടിയ ആന തുറവൂര്‍ അനന്തന്‍കരിയെന്ന സ്ഥലത്ത് ചതുപ്പില്‍ വീഴുകയായിരുന്നു. ആന താഴ്ന്ന പ്രദേശം വെള്ളം നിറഞ്ഞ ചതുപ്പായതിനാല്‍ ക്രെയിനും മണ്ണുമാന്തി യന്ത്രവുമപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ കയറുപയോഗിച്ച് വലിച്ച് കയറ്റാനുള്ള ശ്രമം നടത്തിയത്.
ആവശ്യമായ ലൈറ്റുകള്‍ ക്രമീകരിച്ച് രാത്രിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എട്ടേകാലോടെയാണ് ആനയെ കരയ്‌ക്കെത്തിച്ചത്. ഇതിന് പിന്നാലെ വീണ്ടും ആന ഇടയുകയായിരുന്നു. ഒടുവില്‍ ആനയെ മയക്കുവെടിവെച്ചു വീഴ്ത്തി.