സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി വനമേഖലയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ തിന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ സിബിഐ അന്വേഷണമോ സ്പെഷ്യല്‍ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവധ് ബിഹാരി കൗശിക് എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

ആനകളെ കൊല്ലുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നിന്റെ തെളിവാണ് സംഭവമെന്നും ഇത് തടയുന്നതില്‍ അധികൃതര്‍ പരാജയമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലും സമാനമായ സംഭവമുണ്ടായി ആന കൊല്ലപ്പെട്ടെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. സമാനമായി ആനകള്‍ കൊല്ലപ്പെട്ടതിന്റെ എല്ലാ രേഖകളും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആനകള്‍ കൊല്ലപ്പെട്ടതിന്റെ രേഖകളും സുപ്രീം കോടതി ആവശ്യപ്പെടണമെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ സിബിഐ അന്വേഷണമോ അല്ലെങ്കില്‍ സുപ്രീം കോടതി മുന്‍ ജഡ്ജ് തലവനായ പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആനകള്‍ക്കും മറ്റ് വന്യജീവികള്‍ക്കുമുണ്ടാകുന്നത് തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണത്തിന് പാസാക്കിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

മെയ് 27നാണ് കോട്ടോപ്പാടം അമ്പലപ്പാറയിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ 15 വയസ്സുള്ള കാട്ടാന ചരിഞ്ഞത്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് വായും നാക്കും തകര്‍ന്ന് പട്ടിണി കിടന്നാണ് ആന ചരിഞ്ഞതെന്നാണ് ആദ്യത്തെ നിഗമനം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തു. പൈനാപ്പിളിലല്ല, തേങ്ങയിലാണ് സ്ഫോടക വസ്തു നിറച്ച് കെണിയൊരുക്കിയതെന്ന് അറസ്റ്റിലായ പ്രതി വ്യക്തമാക്കിയിരുന്നു.

Top