പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനയെ പങ്കെടുപ്പിക്കില്ല

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തില്‍ പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ്. ആനകളുടെ ഫിറ്റ്നസും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്‍പ്പതംഗ സംഘത്തെ നിയോഗിച്ചു. ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും രോഗബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

ഒരു ആനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്‍മാരെങ്കിലും ഉണ്ടാകും. മൂന്ന് പാപ്പാന്‍മാരും കോവിഡ് നെഗറ്റീവ് ആയിരിക്കണം. ആരെങ്കിലും ഒരാള്‍ പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല, ഒരാള്‍ പോസിറ്റീവ് ആയാല്‍ മറ്റു പാപ്പാന്‍മാര്‍ ക്വാറന്റീനില്‍ പോകുകയും വേണം.

തൊണ്ണൂറോളം ആനകളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. ഈ ആനകള്‍ക്കെല്ലാം കൂടി മുന്നൂറിന് അടുത്ത് പാപ്പാന്‍മാരുണ്ടാകും. പൂരത്തിന്റെ തലേന്ന് ആയിരിക്കും ഇക്കാര്യത്തില്‍ പരിശോധന നടത്തുക.

Top