പാലക്കാട്: ജനങ്ങളില്‍ ഭീതി പരത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകള്‍ കാടുകയറാന്‍ കൂട്ടാക്കാതെ വനാതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ ജനവാസ മേഖലയിലാണ് രണ്ടു കാട്ടനകള്‍ ഇറങ്ങിയിരിക്കുന്നത്. മാത്തൂര്‍ പുലാപ്പറ്റയിലാണ് കാട്ടാനകള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
രാത്രിയോടു കൂടി മാത്രമെ ആനയെ മാറ്റാന്‍ സാധിക്കുകയുള്ളുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കാരണം ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നതിന് 20 മീറ്റര്‍ അകലെ നിരവധി വീടുകള്‍ ഉള്ളതിനാല്‍ ആനയെ പുറത്തേക്ക് വരുത്തുന്നത് അപകടമാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കുന്നത്തൂര്‍ വനമേഖലയില്‍ നിന്നാണ് ആനകള്‍ നാട്ടിലിറങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനകള്‍ ഒരാഴ്ചയിലേറെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭീതി വിതച്ചിരുന്നു. പിന്നീട് കുങ്കിയാനകളെ വരെ എത്തിച്ച ശേഷമാണ് ആനകള്‍ കാടുകയറിയത്.