ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനായി ഹോണ്ട കാര്‍സ് നിരത്തിലിറക്കിയ വാഹനമാണ് മിഡ്-സൈസ് എസ്.യു.വിയായ എലിവേറ്റ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന ഈ സെഗ്മെന്റില്‍ ഹോണ്ടയുടെ ആദ്യ പരീക്ഷണം കൂടിയായ എലിവേറ്റിന് നിറഞ്ഞ സ്വീകാര്യതയും ലഭിച്ച് കഴിഞ്ഞു. ഇപ്പോള്‍ വലിയ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹനത്തിന്റെ വിതരണം ഹോണ്ട ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന എലിവേറ്റിന്റെ ആദ്യ വിതരണത്തില്‍ ഈ വാഹനത്തിന്റെ 200 യൂണിറ്റാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. മെഗാ ഡെലിവറി എന്ന പേരിലായിരുന്നു ഉടമകളെയെല്ലാം ഒരുമിച്ച് എത്തിച്ച് വാഹനങ്ങള്‍ നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലും ഹോണ്ട എലിവേറ്റിന്റെ മാസ് ഡെലിവറി നടത്തിയിരുന്നു. എന്നാല്‍, ഇവിടെ 100 യൂണിറ്റ് മാത്രമാണ് ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഈ വാഹനത്തിന്റെ ആഗോള പ്രദര്‍ശം ഡല്‍ഹിയില്‍ നടന്നത്. ഇതിനുപിന്നാലെ ജൂലായ് മാസത്തില്‍ തന്നെ രാജസ്ഥാനിലെ ഹോണ്ടയുടെ പ്ലാന്റില്‍ ഈ വാഹനത്തിന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു. മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയില്‍ എസ്.വി, വി, വി.എക്‌സ്, ഇസഡ്.എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ എത്തുന്ന എലിവേറ്റ് എസ്.യു.വിക്ക് 10.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ എക്‌സ്‌ഷോറും വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.
അര്‍ബണ്‍ ഫ്രീ സ്റ്റൈലര്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ഹോണ്ട അവകാശപ്പെടുന്നത്. നിലവില്‍ ഈ ശ്രേണിയില്‍ എത്തുന്ന മറ്റ് എതിരാളികളെക്കാള്‍ മെച്ചപ്പെട്ട സംവിധാനങ്ങളുമായാണ് ഈ വാഹനം എത്തുന്നത്. 4312 എം.എം. നീളം, 1790 എം.എം. വീതി, 1650 എം.എം. ഉയരവും 2650 എം.എം. വീല്‍ബേസ് 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ റെഗുലര്‍ പതിപ്പുമായി പങ്കിട്ടാണ് എലിവേറ്റ് എസ്.യു,വി. എത്തുന്നത്. അതേസമയം, ഐ-ഡിടെക്കിനെ പുറത്തുനിര്‍ത്തി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് എലിവേറ്റിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.