ഇറാന്‍ ഇരട്ട സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേര്‍ അറസ്റ്റില്‍

റാന്‍ ഇരട്ട സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേര്‍ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തതായും ഇറാന്‍ ഇന്റലിജന്‍സ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെവിടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നില്‍ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങള്‍ വ്യക്തമാണെന്ന് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സ് കമാണ്ടര്‍ ആരോപിച്ചിരുന്നു. ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെല്‍അവീവിലും ഹൈഫയിലും മറുപടി നല്‍കണമെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം മുന്‍ വക്താവ് ഡോ. കിയാനുഷ് ജഹാന്‍പുര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്ഫോടനത്തില്‍ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.പൂര്‍ണശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചിരുന്നു.

ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലായിരുന്നു സ്‌ഫോടനമുണ്ടായത്. ആദ്യത്തെ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ് നടന്നത്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍ അനേകംപേര്‍ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടരിലേറെയും.ബുധനാഴ്ച തെക്കന്‍ നഗരമായ കെര്‍മാനിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. 103 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top