ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപണവുമായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കല്‍ കരാറിന് സമ്മതിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിവരങ്ങളെക്കുറിച്ച് തന്നെ ട്വിറ്റര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം.

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇലോണ്‍ മസ്‌ക് കമ്പനിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലായ് 30-ന് സമര്‍പ്പിച്ച ഇലോണ്‍ മസ്‌കിന്റെ വാദം ഓഗസ്റ്റ് നാലിനാണ് പുറത്തുവരുന്നത്.

ട്വിറ്ററില്‍ പരസ്യം കാണിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 23.8 കോടിയുണ്ടെന്നാണ് കമ്പനിയുനടെ വാദം. എന്നാല്‍ യഥാര്‍ത്ഥത്തത്തില്‍ ഈ എണ്ണത്തില്‍ 6.5 കോടിയുടെ കുറവുണ്ടെന്ന് ഡെലവേര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തട്ടിപ്പ് പുറത്തുവരുന്നത് തടയാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വാതിലുകള്‍ ട്വിറ്റര്‍ അടച്ചിടുകയാണ് ചെയ്തതെന്നും മസ്‌ക് ആരോപിച്ചു.

തന്നെ മാത്രമല്ല യുഎസിലെ അധികാരികളെയും കമ്പനി കബളിപ്പിച്ചുവെന്നും ആരോപിച്ച മസ്‌ക് ട്വിറ്ററുമായുള്ള കരാറില്‍ നിന്ന് തന്നെ സ്വതന്ത്രനാക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, മസ്‌കിന്റെ ആരോപണം അവിശ്വസനീയമാണെന്നും വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ടിറ്റര്‍ പറഞ്ഞു. കരാറില്‍നിന്ന് പിന്‍മാറുന്നതിന് മസ്‌ക് കഥകള്‍ മെനയുകയാണെന്നും ഏറ്റെടുക്കല്‍ കരാറിന് ട്വിറ്റര്‍ എല്ലാ ബഹുമാനവും നല്‍കിയിട്ടുണ്ടെന്നും ട്വിറ്റര്‍ പറഞ്ഞു.

Top