പുതിയ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിന്റെ സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറിയതിന്റെ പേരില്‍ ഇലോണ്‍ മസ്‌കിനെതിരെ സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ നല്‍കിയ കേസില്‍ നിയമയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, ട്വിറ്ററിന് എതിരാളിയായി സ്വന്തം സോഷ്യല്‍ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് മസ്‌ക്.

ഫോളോവര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ എന്താണ് താങ്കളുടെ അടുത്ത പദ്ധതി എന്നും സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങാന്‍ പദ്ധതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്. X.com എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഒരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് ആവാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

20 വര്‍ഷം മുമ്പ് ഇലോണ്‍ മസ്‌ക് തുടക്കമിട്ട സ്റ്റാര്‍ട്ട് അപ്പിന്റെ ഡൊമൈന്‍ നെയിം ആണ് X.com. ഈ പ്ലാറ്റ്‌ഫോം പിന്നീട് പേ പാല്‍ എന്ന സാമ്പത്തിക സേവന കമ്പനിയുമായി ലയിച്ചു.

അടുത്തിടെ ടെസ്‌ലയുടെ ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ ഈ വെബ്‌സൈറ്റിനെ കുറിച്ച് മസ്‌ക് പരാമര്‍ശിച്ചിരുന്നു. എക്‌സ് കോര്‍പ്പറേഷന്‍ എന്ന തന്റെ പഴയ കമ്പനി തിരികെ വരുന്നതിനെ കുറിച്ചുള്ള വലിയൊരു സ്വപ്നത്തെ കുറിച്ചും ഒരു പക്ഷെ ആ തിരിച്ചുവരവിനുള്ള സമയം ട്വിറ്റര്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാക്കി ത്വരിതപ്പെടുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ കൃത്യമായ കണക്കുകളും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കണക്കുകളും കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്‌ക് ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയത്. ലോകം ഉറ്റുനോക്കിയ 3.5 ലക്ഷം കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കമ്പനിയുമായുണ്ടായ അസ്വാരസ്യങ്ങള്‍ ഇരു കക്ഷികളേയും കോടതിയില്‍ ചെന്നെത്തിക്കുകയായിരുന്നു.

ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറിയ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Top