കാലിഫോര്‍ണിയ: ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. “ജനസംഖ്യാശാസ്ത്രമാണ് വിധി” യെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു. ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്ത ട്വീറ്റിന് മറുപടിയായി ആയിരുന്നു മസ്കിന്റെ ട്വിറ്റ്. ജനസംഖ്യാ റാങ്കിങുകളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ജനസംഖ്യവർധനവ് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം പലർക്കും ഇടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മസ്കിന്റെ പരാമർശം ചർച്ചയാകുന്നത്.
ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28.2 വയസ്സാണ്, അതേസമയം ഒരു ചൈനക്കാരന്റെ ശരാശരി പ്രായം 39 വയസും.ശരാശരി ഇന്ത്യക്കാരന്റെ പ്രായം ശരാശരി ചൈനക്കാരേക്കാൾ പത്ത് വയസ്സ് കുറവാണ്. ഇന്ത്യയ്ക്ക് ഗണ്യമായ സമയത്തേക്ക് ഗണ്യമായ തൊഴിൽ ശക്തി ഉണ്ടായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നായി ഇതിനെ കാണുന്ന വിദഗ്ധർ നിരവധിയാണ്.
ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലാണ്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.അതേസമയം, 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യയുടെ സെൻസസ് 2021-ൽ കൊവിഡ് വ്യാപനം കാരണം നടന്നിരുന്നില്ല. കൊവിഡിന് ശേഷം ജനസംഖ്യാ സെൻസസ് എപ്പോൾ നടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.