ഓപ്പണ്‍ എഐയോട് പൊരുതാൻ ഇലോൺ മസ്കിന്റെ സംരംഭം; ‘എഐ’

കാലിഫോര്‍ണിയ: ഓപ്പൺ എഐയോട് നേർക്ക് നേരെ നിന്ന് പൊരുതാൻ ഇലോണ്‍ മസ്കിന്റെ സംരംഭമെത്തി. ടെസ്‍ല, സ്‌പേസ് എക്‌സ്, ട്വിറ്റര്‍ എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ ഇലോണ്‍ മസ്കിന്റെ പുതിയ സംരംഭമാണ് “എഐ”. കമ്പനി പ്രവര്‍ത്തമാരംഭിച്ചെന്ന വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. നേവാഡയില്‍ വെച്ച് മാര്‍ച്ചിലാണ് കമ്പനി രൂപീകരിച്ചത്. കമ്പനിയിലെ എഐയുടെ ഡയറക്ടര്‍ മസ്ക് തന്നെയാണ്.

ജാരെഡ് ബിര്‍ഷാള്‍ ആണ് സെക്രട്ടറി. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആണ് നിലവിൽ മസ്‌ക്. ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകഴിഞ്ഞു ഇലോണ്‍ മസ്ക്. ആൽഫബെറ്റ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര എഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്‌.

മാർച്ചിൽ, ഓപ്പൺഎഐയുടെ ജിപിടി-4 നേക്കാൾ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആറുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഭാവിയിലെ വലിയ അപകട സാധ്യതകളിലൊന്നാണ് എഐ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവി കൂടിയാണ് ഇലോണ്‍ മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തു പോയത്.

ഇപ്പോള്‍ മൈക്രോസോഫ്റ്റിന് മുഖ്യ നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പണ്‍ എഐ. അതേസമയം മസ്ക് എന്തിനാണ് ഒരു ആര്‍ട്ടിഫീഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനി സ്ഥാപിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പണ്‍ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് മസ്‌കും ഇതുവരെ വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല.

Top