‘നീല കിളിയെയും പറത്തിവിടും’; ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോൺ മസ്ക്

റീ ബ്രാന്‍ഡിങിനൊരുങ്ങി ട്വിറ്റർ. ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോൺ മസ്ക്. ട്വിറ്റർ ആപ്പിന്റെ പേര് എക്സ് (X)എന്നാക്കി മാറ്റുമെന്ന് മസ്ക് വീണ്ടും പ്രഖ്യാപിച്ചു. നല്ല ഒരു ലോഗോ തയ്യാറായ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാർക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപനം. അങ്ങനെയെങ്കിൽ ഇന്ന് തന്നെ ട്വിറ്ററിന്റെ ചിഹ്നമായിരുന്ന ‘നീലക്കിളിയെയും’ മസ്ക് പറത്തിവിടുമെന്ന് ഉറപ്പായി.

ട്വിറ്ററിനെ ട്വിറ്ററാക്കുന്നതെല്ലാം പൊളിച്ചു കളയുമെന്ന വാശിയിലാണ് ലോകത്തിലെ എറ്റവും സമ്പന്നനായ മനുഷ്യൻ. പരിചിതമായ കിളിയുടെ ലോഗോ ഇനി അധികകാലമില്ല, ട്വിറ്ററെന്ന പേരിനോടും മസ്കിന് താൽപര്യമില്ല. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് പ്രഖ്യാപനം. ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോർപ്പ് എന്ന് മാറ്റിയിരുന്നു. ആപ്പിന്റെ പേരും രൂപവും മാറ്റിയാൽ പിന്നെ പഴയ ട്വിറ്റർ വെറും ഓർമ്മ മാത്രമായി മാറും.

ചൈനയിലെ വീ ചാറ്റ് മാതൃകയിൽ എല്ലാ സേവനവും ഒറ്റ ആപ്പിൽ കിട്ടുന്ന സംവിധാനമാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ സ്വപ്നം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ഒരു സൂപ്പർ ആപ്പ്. വൻ പ്രഖ്യാപനങ്ങൾ ഒരു വശത്ത് നടത്തുമ്പോഴും കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിന്ന നിൽപ്പിൽ നയം മാറ്റങ്ങൾ പ്രഖ്യാപിക്കുന്ന ആപ്പിൽ തുടരാൻ പരസ്യദാതാക്കൾക്ക് താൽപര്യമില്ല. ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഗൂഗിളിന്റെ ഡാറ്റ സ്റ്റോറേജ് ഉപയോഗിക്കുന്നത് കുറയ്ക്കാനും ആ വകയിലുള്ള പണം ലാഭിക്കാനുമായിരുന്നു ഈ തീരുമാനമെങ്കിലും മസ്ക് അതിനെ അവതരിപ്പിച്ചത് ആളുകളുടെ ട്വിറ്റർ അഡിക്ഷൻ കുറയ്ക്കാനുള്ള നീക്കമായിട്ടാണ്.

പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ മുൻ ജീവനക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഞ്ഞൂറ് മില്യൺ ഡോളറിന്റെ ബാധ്യതയാണ് ഈ ഇനത്തിൽ മാത്രം നൽകേണ്ടി വരിക. അതിനിടയിലും ക്രിയേറ്റർമാർക്ക് യൂട്യൂബിനേക്കാൾ വരുമാനം നൽകുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആപ്പിന്റെ വിലയിടിച്ച് നശിപ്പിച്ച് കമ്പനി വിറ്റൊഴിവാക്കാനാണ് മസ്ക് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. വൻ പിരിച്ചുവിടൽ നടത്തിയ കമ്പനി ഇതിനിടയിൽ പുതിയ ആളുകളെ ജോലിക്ക് ക്ഷണിച്ചിട്ടുമുണ്ട്.

Top