ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പ്രതികരണവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ അവിടെ നടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായേലിന് വിജയം കാണാനാവില്ലെന്ന് മസ്‌ക് പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാന്‍ നടത്തിയ അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം. ഗാസയോട് അനുഭാവം പ്രകടിപ്പിച്ച് മസ്‌ക് നിലപാട് സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല.
ഇസ്രായേല്‍-ഗാസ യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? കാലങ്ങളായി ആ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്ത് മാര്‍ഗമാണ് താങ്കള്‍ കാണുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.
‘നിങ്ങള്‍ ഗാസയില്‍ ആരുടെയെങ്കിലും കുട്ടിയെ കൊന്നാല്‍, നിങ്ങള്‍ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് ഹമാസ് അതി ക്രൂരമായ കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അതിന് വിപരീതമായി തങ്ങള്‍ക്കാവുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇസ്രായേല്‍ ചെയ്യേണ്ടിയിരുന്നത്. അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ’, മസ്‌ക് പറഞ്ഞു.
ഒരു കവിളത്തടിച്ചാല്‍ മറുകവിള്‍ കാണിച്ചുകൊടുക്കുന്ന തത്വശാസ്ത്രമാണോ പിന്തുടരുന്നത് എന്ന അവതാരകന്റെ മറുചോദ്യത്തിന്, ഇസ്രായേല്‍ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ, തടവിലാക്കുകയോ ചെയ്യണം. എന്നാല്‍, ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസ്രായേല്‍ ആശുപത്രികള്‍ നല്‍കുകയും ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും അവശ്യ മരുന്നുകള്‍ എത്തിക്കുകയും ചെയ്യണമെന്നും മസ്‌ക് പറഞ്ഞു. അത് വളരെ സുതാര്യമായ രീതിയില്‍ ചെയ്യണം. അതൊരു അടവായി ആളുകള്‍ക്ക് തോന്നരുത്. ഇസ്രായേല്‍ പ്രകടമായി തന്നെ ദയ കാണിക്കണമെന്നും മസ്‌ക് പറഞ്ഞു.
‘കണ്ണിന് കണ്ണ്’ എന്ന നിലപാടിലാണ് ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നത്. എന്നാല്‍, അത് ഒരു വംശഹത്യയിലേക്കാണ് നീങ്ങുന്നത് എങ്കില്‍ അത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത് ഇസ്രായേലിനെ ആളുകള്‍ വെറുക്കുന്ന സ്ഥിതിയിലെത്തിക്കും.’
യഥാര്‍ഥ ചോദ്യം ഇതാണ്, നിങ്ങള്‍ ഓരോ ഹമാസ് അംഗങ്ങളെ കൊല്ലുമ്പോഴും പകരം എത്ര പേരെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്? നിങ്ങള്‍ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ പേരെ സൃഷ്ടിക്കുന്നുവെങ്കില്‍ അത് വിജയമാകില്ല. ഗാസയില്‍ ആരുടേയെങ്കിലും കുഞ്ഞിനെ നിങ്ങള്‍ കൊന്നാല്‍ ഒരു ഇസ്രായേലിയെ കൊല്ലാന്‍ വേണ്ടി മാത്രം മരിക്കുന്ന ഏതാനും ഹമാസ് അംഗങ്ങളെയെങ്കിലും നിങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവും.
യുദ്ധ സാഹചര്യത്തില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇത് ഇസ്രായേലില്‍ നിന്നുള്ള വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. എന്നാല്‍, ഗാസയില്‍നിന്ന് സ്റ്റാര്‍ലിങ്കിന് വേണ്ടി ആരും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അറിയിപ്പ്.