‘ഇറങ്ങി വരിനെടാ, അകത്ത് ഒളിച്ചിരിക്കാതെ’ മെറ്റ മുതലാളി സക്കിന്റെ വീടിന്റെ വാതിലിനു വെളിയിൽ കാരക്കൂട്ടിൽ ദാസനെപ്പോലെ മസ്ക് പിച്ചാത്തിയുമായി നിൽക്കുകയാണെന്നു തോന്നും ഇരവരുടെയും സമൂഹ മാധ്യമങ്ങളിലെ വീറുറ്റ വെല്ലുവിളി കേട്ടാൽ. പക്ഷേ വാചകം ‘അടി’ മാത്രമാണ് നടക്കുന്നത്, ഇരുവരും ഒരുമാസമായി തുടരുന്ന ഈ വെല്ലുവിളികൾ ‘ഒന്നു നിർത്ത്വോ..’എന്നു ആരാധകർ ചോദിച്ചു തുടങ്ങി.
സക്കർബർഗ് ആദ്യം ഇടികൂടാൻ തയാറാണെന്നു പറഞ്ഞപ്പോൾ നടുവേദനയാണ് ‘എംആർഐ വേണമെന്നൊക്കെ’ പറഞ്ഞു പിന്നാക്കം വലിയുകയായിരുന്നു. ഇടിക്കൂട്ടിലേക്കു എത്തുന്നില്ലെങ്കിൽ ഇങ്ങനെ മാസ് ഡയലോഗ് പറഞ്ഞു ഇരിക്കാൻ താനില്ലെന്നു സക്കർബർഗ് പറഞ്ഞവസാനിപ്പിച്ചതു മസ്കിനു ക്ഷീണമായി. ടെസ്ല എഫ്ഡിയിൽ മസ്കിന്റെ വീട്ടിലേക്കു പോകുമെന്നും എക്സ് ലൈവിൽ തന്റെ സാഹസികത കാണാമെന്നുമൊക്കെ പറഞ്ഞു പ്രകോപനപരമായിരുന്ന പിന്നെ പോസ്റ്റുകൾ.
വീട്ടിലെത്തി തല്ലാനുള്ള വെല്ലുവിളി സക്കർ സ്വീകരിച്ചില്ലെന്നും പിന്തിരിയുന്നവനല്ല മസ്കെന്നുമൊക്കൊ വീരവാദം പറഞ്ഞു മണിക്കൂറുകളുടെ ഇടവേളയിൽ പോസ്റ്റിന്റെ കുത്തൊഴുക്കാണ്, പക്ഷേ എക്സിനു അൽപ്പം പ്രചാരം കൊടുക്കാനുള്ള മസ്കിന്റെ തന്ത്രം മാത്രമാണിതെന്നാണ് സൂചന. എന്തായാലും സമൂഹ മാധ്യമങ്ങളിലെ ഇരവരുടെയും പോരാട്ടത്തിനെ പലരും ട്രോളാൻ തുടങ്ങിയിട്ടുണ്ട്.
സക്കർബർഗുമായി ഇടിപ്പോരാട്ടത്തിനു താൻ തയാറാണെന്ന് ജൂൺ 20നാണ് മസ്ക് ആദ്യമായി ട്വീറ്റ്(ട്വിറ്റർ പേരുമാറ്റിയിരുന്നില്ല) ചെയ്തത്. ഓഗസ്റ്റ് 26( ഈ തീയതി ആകുമ്പേഴേക്കും ട്വിറ്റർ തന്നെ ഇല്ലാതായി) ആയിരുന്നു കേജ് പോരാട്ടത്തിനായി സക്കർ ബര്‍ഗ് നിർദ്ദേശിച്ചത്.