വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലായിരുന്നു ഇലോൺ മസ്‌കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്ക്. ന്യൂറലിങ്ക് വികസിപ്പിച്ച വയർലെസ് ഉപകരണം ആറ് മാസത്തിനുള്ളിൽ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലോൺ മസ്‌ക് ബുധനാഴ്ച പറഞ്ഞു. അതുമായി ബന്ധപ്പെട്ടുള്ള അനുമതിക്കായുള്ള എല്ലാ പേപ്പർ വർക്കുകളും അമേരിക്കൻ ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) സമർപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
അനുമതി കിട്ടുകയാണെങ്കിൽ 2023 ന്റെ പകുതിയോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ച് പരീക്ഷണം തുടങ്ങും. മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ച് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും പ്രാപ്തമാക്കുമെന്നുമൊക്കെയാണ് അവരുടെ അവകാശവാദം.
തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തിൽ അടങ്ങിയിരിക്കുന്നു.
ന്യൂറാലിങ്ക് എന്ന തന്റെ സ്വപ്നത്തെ കുറിച്ച് ഇലോൺ മസ്ക് തുറന്നുപറഞ്ഞപ്പോൾ ഒരുപാട് എതിരഭിപ്രായങ്ങൾ വന്നിരുന്നു. ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ ദുരിതമനുഭവിപ്പിക്കുന്നതായി കാട്ടി മൃഗാവകാശ സംഘടനകൾ രംഗത്തുവരികയുണ്ടായി.
എന്നാൽ, 2021ൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ഒരു കുരങ്ങ് മൈൻഡ് പോംഗ് ഗെയിം കളിച്ചിരുന്നു. അതിന്റെ വിഡിയോയും പുറത്തുവരികയുണ്ടായി. അതോടെ മനുഷ്യനിൽ ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനുളള പ്രവർത്തനങ്ങൾക്ക് കമ്പനി വേഗം കൂട്ടുകയും ചെയ്തു.