കെറ്റാമൈന്‍ ഉപയോഗം കമ്പനിയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിച്ചു ഇലോണ്‍ മസ്‌ക്

തകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വിഷാദരോഗത്തിന് കെറ്റാമൈന്‍ പോലുള്ള സൈക്കഡെലിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. പിന്നാലെ ടെസ്ലയിലെയും സ്പേസ് എക്സിലെയും നിരവധി ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കെറ്റാമൈന്‍ ഉപയോഗം കമ്പനിയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിച്ചതായി പറഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

ഓരോ ആഴ്ചയിലും ചെറിയ അളവില്‍ താന്‍ മരുന്ന് ഉപയോഗിക്കാറുണ്ടെന്നും യഥാര്‍ത്ഥ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് മരുന്ന് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. മരുന്ന് ഉപയോഗം തന്റെ സര്‍ക്കാര്‍ കരാറുകളെയോ നിക്ഷേപക ബന്ധങ്ങളെയോ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മസ്‌ക് പറഞ്ഞു.ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് പ്രകാരം ഇലോണ്‍ മസ്‌ക് സ്വകാര്യ പാര്‍ട്ടികളില്‍ എല്‍എസ്ഡി, കൊക്കൈന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ നിരന്തരമായി ഉപയോഗിച്ചിട്ടുണ്ടന്ന് പറയുന്നു. മസ്‌കിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും രോഷാകുലയായി, 2019 ല്‍ ടെസ്ല ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ടെന്ന് ടെസ്ലയിലെ മുന്‍ ഡയറക്ടര്‍ ലിന്‍ഡ ജോണ്‍സണ്‍ റൈസ് തീരുമാനിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

മാധ്യമപ്രവര്‍ത്തകനായ ഡോണ്‍ ലെമണുമായുള്ള അഭിമുഖത്തിലായിരുന്നു മസ്‌ക് ഇക്കാര്യം പറഞ്ഞത്. ചില സമയങ്ങളില്‍ വിഷാദം പോലുള്ള അവസ്ഥകളുണ്ടാകുമ്പോള്‍ കെറ്റാമൈന്‍ ഉപയോഗിക്കുമെന്നും അത് അത്തരം അവസ്ഥകളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്നുവെന്നും മസ്‌ക് പറഞ്ഞു.

Top