ജിമെയിലിനെ വെല്ലുവിളിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ, ‘എക്‌സ് മെയില്‍’ വരുന്നു

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെയാണെന്നാണ് വിവരം. ഒരു എക്‌സ് ഉപഭോക്താവിന്റെ ചോദ്യത്തിന് മസ്‌ക് നല്‍കിയ മറുപടിയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

‘നമ്മള്‍ എന്ന് എക്‌സ് മെയില്‍ നിര്‍മിക്കും?’ എന്ന ചോദ്യത്തിന് മസ്‌ക് ‘അത് വരുന്നുണ്ട്’ എന്നാണ് മറുപടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

എക്‌സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് നേരത്തെ തന്നെ മസ്‌ക് പ്രഖ്യാപിച്ചതാണ്. അങ്ങനെയെങ്കില്‍ എക്‌സ് മെയില്‍ എന്നൊരു ഇമെയില്‍ സേവനം കമ്പനി അവതരിപ്പിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

അത് ജിമെയിലിന് വെല്ലുവിളിയാവുമോ എന്നുള്ളത് ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. എന്നാല്‍ എക്‌സ്‌മെയില്‍ നിലവില്‍ വന്നാല്‍ അത് എക്‌സ്.കോം എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലും ഉള്‍പ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

മുമ്പും ഇത്തരം വലിയ പ്രഖ്യാപനങ്ങള്‍ കമന്റുകളിലൂടെ മസ്‌ക് നടത്തിയിട്ടുണ്ട്. എക്‌സില്‍ ഇതിനകം വലിയ മാറ്റങ്ങള്‍ അവതരിപ്പിച്ച മസ്‌ക് ഒരു ഇമെയില്‍ സേവനം കൂടി എക്‌സിന്റെ ഭാഗമായി തുടങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

Top