പനാജി: ഇന്ത്യയുടെ നാല്പത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം കൊളംബിയന്‍ ചിത്രമായ എംബ്രേയ്‌സ് ഒഫ് ദ സെര്‍പന്റിന്. സീറോ ഗുവേരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
മികച്ച സംവിധാനത്തിനുള്ള രജതമയൂരം ബ്രിട്ടീഷ് സംവിധായകന്‍ പീറ്റര്‍ ഗ്രീനവേവ് നേടി. ഐസന്‍സ്സീന്‍ ഇന്‍ ഗുണഗാട്ടോ എന്ന മെക്‌സിക്കന്‍ ചിത്രത്തിന്റെ സംവിധാനമികവിനാണ് പുരസ്‌കാരം.
മെഷര്‍ ഒഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനയം വിന്‍സന്റ് ലിണ്ടന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം അഞ്ചു പേര്‍ വീതിച്ചെടുത്തു. ഡെനിസ് ഗാമസ് സംവിധാനം ചെയ്ത ടര്‍ക്കി ചിത്രമായ മസ്താംഗില്‍ അഭിനയിച്ച അഞ്ച് നടികള്‍ക്കുമാണ് പുരസ്‌കാരം. ഗുനസ് ഷെന്‍സോന്‍, ദോഗ്ബ ഡോഗ്‌സുലു, തുഗ്ബ സുംഗരോലു, എലിറ്റ് സ്‌കാന്‍, ഇല്യാദ അക്‌ദോജന്‍ എന്നിവരാണവര്‍.
പ്രത്യേക ജൂറി അവാര്‍ഡിന് സീല്‍ഡ് കാര്‍ഗോ എന്ന മെക്‌സിക്കന്‍ ചിത്രത്തിന്റെ സംവിധായകന്‍ ജൂലിയസ് വാര്‍ഗാസും പ്രത്യേക പരാമര്‍ശത്തിന് എന്‍ക്‌ളേവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗോരാന്‍ റാഡോവിനിച്ചും അര്‍ഹരായി. സിനിമാമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ പ്രമുഖ റഷ്യന്‍ സംവിധായകന്‍ നിഖിതാ മിഖാല്‍ക്കോവ് നേടി.