തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് മന്ത്രി ഇപി ജയരാജന്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്നാണ് ആരോപണം.
ചെന്നിത്തല വായില്‍ തോന്നിയത് പറയുന്നുവെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. വ്യവസായ നിക്ഷേപത്തിനായി നിരവധി അപേക്ഷകള്‍ കേരളത്തിലെത്തുന്നു, ആ അപേക്ഷകളില്‍ ശരിയായ രീതിയിലാണ് തീരുമാനമെടുക്കുന്നത്. പരാതി വന്നാല്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
സ്പ്രിംഗ്ലറിനേക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടത്. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വര്‍ഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി.
കരാറിന് മുമ്പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചില്ല. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചില്ല. 400 ട്രോളറുകളും രണ്ട് മദര്‍ ഷിപ്പുകളും കേരള തീരത്ത് മത്സ്യബന്ധനം നടത്താന്‍ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണെന്നും ചെന്നിത്തല കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഇ പി ജയരാജനും പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് ഇഎംസിസി കമ്പനി ഡയറക്ടര്‍ ഷിബു വര്‍ഗീസ് പ്രതികരിച്ചിരുന്നു. ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നില്ലെന്നും ഷിബു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ കുടുംബാംഗങ്ങളും അമേരിക്കന്‍ പൗരന്‍മാരുമുണ്ട്. അങ്കമാലി കേന്ദ്രീകരിച്ച് സബ്‌സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇഎംസിസി കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.