ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പിന്‍വലിച്ചത് ഔദാര്യമല്ല; ഉമ്മന്‍ ചാണ്ടി

കോട്ടയം: ഇടത് സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലില്‍ എറിയുമെന്ന് ഉമ്മന്‍ ചാണ്ടി. മത്സ്യ തൊഴിലാളികളോടുള്ള ക്രൂര സമീപനമാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ പുറത്തുവന്നതെന്നും മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നയം പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചത് കേരളത്തെ അപമാനിക്കാനല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തെറ്റ് കണ്ടുപിടിച്ചത് കുറ്റമായാണ് മുഖ്യമന്ത്രിയുടെ ആരോപണം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുത്ത കരാറാണ് കേരളത്തിന് അപമാനം. കരാര്‍ പിന്‍വലിച്ചത് ഔദാര്യമല്ല. പിടിച്ച് നില്‍ക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഈ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യ അരി നല്‍കിയപ്പോള്‍ ഇടത് സര്‍ക്കാര്‍ ആ അരിക്ക് 2 രൂപ കൈകാര്യ ചാര്‍ജ് ഏര്‍പ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാറുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും ഇക്കാര്യത്തില്‍ പരിപൂര്‍ണ വ്യക്തത വന്നിട്ടില്ലെന്ന കാരണത്താല്‍ യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളികള്‍ ഇന്ന് തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ മത്സ്യമേഖല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളെ ഹര്‍ത്താല്‍ ബാധിക്കും.

Top