തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധനസഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കള്‍ക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.
മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ മുണ്ടക്കയത്ത് നിന്നും പത്തനംതിട്ട റാന്നിയിലേക്ക് യാത്ര തിരിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്ന് ആറു മണി വരെ കാലവര്‍ഷ കെടുതിയില്‍ 35 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുഞ്ഞുങ്ങളടക്കം പതിനാറ് പേരാണ് മരിച്ചത്. കൊക്കയാറില്‍ മൂന്നു വയസ്സുകാരന്‍ സച്ചു ഷാഹുലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവച്ചു. പല ഭാഗങ്ങളിലും മഴയക്ക് ഇപ്പോള്‍ കുറവുണ്ടെങ്കിലും ബുധനാഴ്ചയോടെ വീണ്ടും കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.