ഗസ്സ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം ഉടന്‍ എത്തിക്കണം;ഖത്തര്‍

ദോഹ: ഗസ്സ മുനമ്പിലെ അത്യന്തം ഗുരുതരമായ സാഹചര്യങ്ങളെ ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നതെന്നും എല്ലാ കക്ഷികളും ആക്രമണം അവസാനിപ്പിക്കണമെന്നും സമ്പൂര്‍ണ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി ഖത്തര്‍. എല്ലാ ബന്ദികളെയും പ്രത്യേകിച്ച് സാധാരണക്കാരെ നിരുപാധികം മോചിപ്പിക്കണമെന്നും ഗസ്സ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം ഉടന്‍ എത്തിക്കണമെന്നും സഹായമെത്തിക്കാന്‍ സുരക്ഷിത ഇടനാഴികള്‍ ഉടന്‍ തുറക്കാനും ഖത്തര്‍ പ്രതിനിധി ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ഉള്‍പ്പെടുന്ന മിഡിലീസ്റ്റിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ സമിതിയുടെ സംവാദത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അല്‍യാ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാര്‍ക്കെതിരായ പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും ഗസ്സ മുനമ്പിന് നേരെയായി ഇസ്രായേല്‍ അധിനിവേശ ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തെയും അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, ഭക്ഷണം, മരുന്ന്, ഊര്‍ജം എന്നിവയുള്‍പ്പെടെ നിഷേധിക്കുന്ന പ്രവൃത്തികളെയും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും ശൈഖ അല്‍യാ അഹ്മദ് സൈഫ് ആല്‍ഥാനി വ്യക്തമാക്കി.അക്രമം കൂടുതല്‍ വ്യാപിച്ചാല്‍ മേഖലയിലെ ജനങ്ങള്‍ അതിന് വിലയൊടുക്കേണ്ടി വരുമെന്നും, യുദ്ധം ഒഴിവാക്കുന്നതിന് സഹകരണത്തോടെയുള്ള ചര്‍ച്ചകള്‍ക്കാണ് ഖത്തര്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഖത്തര്‍ കഴിഞ്ഞ മാസങ്ങളില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുണ്യസ്ഥലങ്ങളുടെ മതപരവും ചരിത്രപരവുമായ പദവിയെ നിരസിക്കാനുള്ള ശ്രമങ്ങള്‍, അല്‍ അഖ്സാ പള്ളിയിലേക്കുള്ള നിരന്തര നുഴഞ്ഞുകയറ്റം, കുടിയേറ്റ നയം വ്യാപിപ്പിക്കുക, ഭൂമി കൈയേറ്റം, ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഏകപക്ഷീയമായ നടപടികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുമെന്നും അവര്‍ വിശദീകരിച്ചു.

നിര്‍ബന്ധിത കുടിയിറക്ക്, സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിക്കുകയോ അഭയാര്‍ഥികളാക്കുകയോ ചെയ്യുന്നതുള്‍പ്പെടെ സഹോദരങ്ങളായ ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേലിന്റെ കൂട്ടായ ശിക്ഷാ നടപടികള്‍ക്ക് നിലവിലെ സംഘര്‍ഷം കാരണമായി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണിതെന്നും ശൈഖ അല്‍യാ പറഞ്ഞു. ആശുപത്രികളെയും സ്‌കൂളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ തുടങ്ങിയ സാധാരണക്കാരുടെ സൗകര്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം പ്രദേശത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മാനുഷിക പിന്തുണയെയും അടിയന്തര സഹായത്തെയും രാഷ്ട്രീയവത്കരിക്കുകയും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ വസ്തുതകള്‍ക്ക് വിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടിയെ തള്ളിക്കളയുകയാണെന്നും അവര്‍ വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ തീര്‍ത്തും മാനുഷികവും വികസനപരവുമാണെന്നും അവര്‍ പറഞ്ഞു.

Top