കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡിയില്‍ അടിയന്തരാവസ്ഥ തുടരുന്നതിനിടയില്‍ വീണ്ടും വര്‍ഗീയസംഘര്‍ഷങ്ങള്‍ വ്യാപകമാവുന്നു. ശ്രീലങ്കയില്‍ തീവ്ര ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷവിഭാഗമായ മുസ്‌ലിങ്ങള്‍ക്കെതിരെ ആരംഭിച്ച ആക്രമണം പിന്നീട് കലാപമായി മാറുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണങ്ങള്‍.
അക്രമം ശക്തമായിരിക്കുന്ന കാന്‍ഡി ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വീണ്ടും സംഘര്‍ഷങ്ങള്‍ നടന്നതിനാല്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ ഇവിടെ സമൂഹ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, വൈബര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സംഘര്‍ഷങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാന്‍ഡിയില്‍ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്‌ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലഹള നേരിടാന്‍ പത്തുദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.