കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ലോകകപ്പ് ഗ്ലൗസ് ലേലത്തില്‍ നല്‍കി എമി മാര്‍ട്ടിനെസ്

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറിലും ഫൈനലിലും നിര്‍ണായകമായ പെനാല്‍റ്റി കിക്കുകള്‍ എമി തടഞ്ഞിട്ടിരുന്നു. ഫ്രാന്‍സിനെതിരായ ഫൈനലില്‍ അവസാന നിമിഷം ഗോളെന്നുറപ്പിച്ച പന്ത് സേവ് ചെയ്തതും എമിയായിരുന്നു. പിന്നാലെ അദ്ദേഹത്തെ തേടി ഗോള്‍ഡന്‍ ഗ്ലൗവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരവും ലഭിച്ചു.

ഗ്രൗണ്ടില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോയാവുകയാണ് എമിയിപ്പോള്‍. ലോകകപ്പില്‍ താരം ധരിച്ച ഗ്ലൗ ലേലത്തില്‍ വിറ്റിരിക്കുകയാണ് താരമിപ്പോള്‍. അതില്‍ നിന്ന് ലഭിച്ച തുകയൊക്കേയും നല്‍കിയത് ക്യാന്‍സര്‍ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക്. 36 ലക്ഷത്തോളം രൂപ ഗ്ലൗവിന് ലഭിച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ എമി ധരിച്ച ഗ്ലൗവാണ് എമി ലേലത്തില്‍ വിറ്റത്. തുക നല്‍കിയ ശേഷം എമി പറഞ്ഞതിങ്ങനെ… ”ആ ഗ്ലൗ എനിക്കേറെ വിലപ്പെട്ടതാണ്. കാരണം, ലോകകപ്പ് ഫൈനല്‍ എല്ലാ ദിവസവും നടക്കില്ല. കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല എനിക്കത്.” എമി പറഞ്ഞു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയ്ക്കൊപ്പം ഈ മോഹം നടക്കില്ലെന്ന് ഉറപ്പ്. ഇതുകൊണ്ടുതന്നെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ആസ്റ്റന്‍വില്ല വിടാനൊരുങ്ങുകയാണ് എമി.

അര്‍ജന്റൈന്‍ ഗോളിയെ സ്വന്തമാക്കാന്‍ മൂന്ന് ക്ലബുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം ക്ലബുകളാണ് മാര്‍ട്ടിനസിനെ ടീമിലെത്തിക്കാന്‍ മത്സരിക്കുന്നത്. ഈ സീസണോടെ കരാര്‍ അവസാനിക്കുന്നഡേവിഡ് ഡി ഹിയയ്ക്ക് പകരമാണ് യുണൈറ്റഡ് മാര്‍ട്ടിനസിനെ പരിഗണിക്കുന്നത്. പ്രായമേറി വരുന്ന ഹ്യൂഗോ ലോറിസിന് എമിലിയാനോ മാര്‍ട്ടിനസിലൂടെ പകരക്കാരനെ തേടുകയാണ് ടോട്ടനം. ഏത് ക്ലബായാലും എമി മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ ചുരുങ്ങിയത് 50 മില്യണ്‍ യൂറോയെങ്കിലും ചെലവഴിക്കേണ്ടിവരും.

Top