എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നുവെന്ന് പൊലീസ്; ജീവനോടെ ഉണ്ടാവാനുള്ള സാധ്യത വിരളം

ലണ്ടന്‍: കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ഗേര്‍ണെസി പൊലീസ്. വിമാന യാത്രക്കിടെ കാണാതായ എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചത്. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് ഗേര്‍ണെസി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്.

നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്ന വിമാനം പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപ്രത്യക്ഷമാകുകായിരുന്നു. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തകരാന്‍ പോകുകയാണെന്നും സൂചിപ്പിക്കുന്നുണ്ട്.

Top