ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ല. തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെയെല്ലാം രക്ഷപെടുത്തി.
ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് തീപടര്‍ന്നത്. ദുബായ് സമയം ഉച്ചയ്ക്ക് 12.45 നാണ് സംഭവം നടന്നത്. യാത്രക്കാരും ജീവനക്കാരുമായി 300 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.
ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം പിന്‍ഭാഗമിടിച്ചാണ് ലാന്‍ഡ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി രക്ഷപ്പെട്ടത് വന്‍ദുരന്തമൊഴിവാക്കി.
ലാന്‍ഡിംഗിനിടെ എന്‍ജിനില്‍നിന്നു തീപടരുകയായിരുന്നു. ടയര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം.വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തീപടരുകയും പുക ഉയരുകയുമായിരുന്നു.
രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയിലേക്ക് ചാടുന്നതിനിടെ പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്ത് ഏറെക്കഴിയും മുമ്പേ വിമാനം പൂര്‍ണമായും കത്തിനശിച്ചു.
വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാനം ലാന്‍ഡ് ചെയ്യുന്നതും ടെയ്ക്ക് ഓഫ് ചെയ്യുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 282 യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. യു.കെ24, യു.എ.ഇ11, യു.എസ്6, സൗദി അറേബ്യ6, തുര്‍ക്കി5,അയര്‍ലന്‍ഡ്4, ഓസ്‌ട്രേലിയ2, ബ്രസീല്‍2, ജര്‍മനി2 മലേഷ്യ2 തായ്‌ലന്‍ഡ്2 ഉം ക്രൊയേഷ്യ, ഈജിപ്ത്, ബോസ്‌നിയ, ലെബനാന്‍ ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്.