ദുബൈ: എമിറേറ്റ്സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കും. റിയാദിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 11 മുതല്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റില്‍ അറിയിച്ചിരുന്നു. ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 14 മുതലും ദമ്മാമിലേക്ക് സെപ്തംബര്‍ 15 മുതലും ഇത്തിഹാദ് വിമാന സര്‍വീസുകള്‍ ആരംഭിക്കും.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകും. പ്രതിവാരം 24 സര്‍വീസുകളാകും എമിറേറ്റ്സ് നടത്തുക. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. അതേസമയം സൗദിയിലേക്ക് ഫ്ലൈ ദുബൈ സര്‍വീസുകള്‍ സെപ്തംബര്‍ 12നാണ് ആരംഭിക്കുക. സെപ്തംബര്‍ 14 മുതല്‍ എയര്‍ അറേബ്യയും സൗദിയിലേക്ക് സര്‍വീസ് നടത്തും.
കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു. യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണമായി നീക്കി.
ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് കര അതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും വഴി സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.